ഫിത്‌നകൾ ഉടലെടുക്കുന്നതാണ്. അറിയുക; വീണ്ടും ഫിത്‌നകൾ ഉടലെടുക്കുന്നതാണ്. അത് ഉണ്ടായിക്കഴിഞ്ഞാൽ അതിൽ ഇരിക്കുന്നവനാണ് നടക്കുന്നവനേക്കാൾ നല്ലവൻ. നടക്കുന്നവനാണ് വേഗതയിൽ സഞ്ചരിക്കുന്നവനേക്കാൾ നല്ലവൻ
Choose an available translation of this Hadeeth
Hadeeth text
ഉഥ്മാൻ അശ്ശഹ്ഹാം (رحمه الله) നിവേദനം: ഞാനും ഫർഖദ് അസ്സബഖിയും ഒരുമിച്ച് മുസ്‌ലിം ബ്നു അബീബക്റയെ സന്ദർശിക്കുന്നതിനായി പുറപ്പെട്ടു; അദ്ദേഹം തൻ്റെ ഭൂപ്രദേശത്ത് കഴിഞ്ഞു കൂടുകയായിരുന്നു. അദ്ദേഹത്തിൻ്റെ അടുത്ത് പ്രവേശിച്ചപ്പോൾ ഞങ്ങൾ ചോദിച്ചു: താങ്കളുടെ പിതാവ് ഫിത്‌നകളുടെ (കുഴപ്പങ്ങളുടെ) വിഷയത്തിൽ എന്തെങ്കിലും ഹദീഥ് പറയുന്നതായി കേട്ടിട്ടുണ്ടോ?!" അദ്ദേഹം പറഞ്ഞു: അതെ. അബൂബക്റ പറയുന്നതായി ഞാൻ കേട്ടിരിക്കുന്നു. നബി (ﷺ) പറയുകയുണ്ടായി: "ഫിത്‌നകൾ ഉടലെടുക്കുന്നതാണ്. അറിയുക; വീണ്ടും ഫിത്‌നകൾ ഉടലെടുക്കുന്നതാണ്. അത് ഉണ്ടായിക്കഴിഞ്ഞാൽ അതിൽ ഇരിക്കുന്നവനാണ് നടക്കുന്നവനേക്കാൾ നല്ലവൻ. നടക്കുന്നവനാണ് വേഗതയിൽ സഞ്ചരിക്കുന്നവനേക്കാൾ നല്ലവൻ. അറിയുക! ഫിത്നകൾ ഇറങ്ങിക്കഴിഞ്ഞാൽ ആർക്കെങ്കിലും ഒട്ടകമുണ്ടെങ്കിൽ അവൻ അതിലേക്ക് ചെല്ലട്ടെ. ആർക്കെങ്കിലും ആടുകളുണ്ടെങ്കിൽ അവൻ അവയോട് ചേരട്ടെ. ആർക്കെങ്കിലും ഒരു ഭൂമിയുണ്ട് എങ്കിൽ അവൻ തൻ്റെ ഭൂമിയിൽ ചെന്നുചേരട്ടെ." അപ്പോൾ ഒരാൾ ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! ഒട്ടകമോ ആടുമാടുകളോ ഭൂമിയോ ഇല്ലാത്ത ഒരാൾ എന്തു ചെയ്യണം?" നബി ﷺ പറഞ്ഞു: "അവൻ തൻ്റെ ആയുധമെടുത്ത് അതിൻ്റെ മുന കല്ലിൽ വെച്ച് ഒടിച്ചൂ കളയട്ടെ. ശേഷം അവന് സാധിക്കുന്നുവെങ്കിൽ അവൻ രക്ഷപ്പെടട്ടെ." (അവിടുന്ന് തുടർന്നു) അല്ലാഹുവേ! ഞാൻ എത്തിച്ചു നൽകിയില്ലേ?! അല്ലാഹുവേ! ഞാൻ എത്തിച്ചു നൽകിയില്ലേ?! അല്ലാഹുവേ! ഞാൻ എത്തിച്ചു നൽകിയില്ലേ?!"
അപ്പോൾ ഒരാൾ ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! രണ്ട് അണികളിൽ ഏതെങ്കിലുമൊന്നിലോ, രണ്ട് കക്ഷികളിൽ ഒന്നിലോ ചേരാൻ ഞാൻ നിർബന്ധിക്കപ്പെടുകയും, ഒരാൾ അവൻ്റെ ആയുധം കൊണ്ട് എന്നെ വെട്ടുകയോ ഒരു അമ്പ് എന്നെ കൊലപ്പെടുത്തുകയോ ചെയ്യുന്നുവെങ്കിൽ?" നബി ﷺ പറഞ്ഞു: "അവൻ (നിന്നെ വധിച്ചവൻ) അവൻ്റെ തിന്മയും നിൻ്റെ തിന്മയും വഹിക്കുകയും, നരകക്കാരിൽ ഉൾപ്പെടുകയും ചെയ്യുന്നതാണ്."
Explanation
Benefits
നവവി (رحمه الله) പറയുന്നു: "ഫിത്നയിൽ ഇരിക്കുന്നവനാണ് നിൽക്കുന്നവനേക്കാൾ നല്ലത് എന്ന നബി ﷺ യുടെ വാക്ക് ഫിത്നകൾ കൊണ്ടുണ്ടാവുന്ന അപകടത്തിൻ്റെ വ്യാപ്തി ബോധ്യപ്പെടുത്തുന്നതാണ്. അതിൽ നിന്ന് അകന്നു നിൽക്കാനും ഓടിരക്ഷപ്പെടാനും പ്രേരിപ്പിക്കുകയും, ആ ഫിത്നകളുമായി ബന്ധപ്പെടുന്നതിൻ്റെ തോതനുസരിച്ചായിരിക്കും അത് മൂലമുള്ള ഉപദ്രവങ്ങൾ ഒരാളെ ബാധിക്കുക എന്നും ഈ വാക്കുകൾ അറിയിക്കുന്നു."
നവവി (رحمه الله) പറയുന്നു: "ബലപ്രയോഗത്തിലൂടെ ഒരാളെ കുഴപ്പങ്ങളിലേക്കും ഫിത്‌നകളിലേക്കും കൊണ്ടുവന്നാൽ ബലംപ്രയോഗിക്കപ്പെട്ട വ്യക്തി അവിടെ സന്നിഹിതനായതിന് കുറ്റക്കാരനാവില്ല. എന്നാൽ ബലപ്രയോഗത്തിലകപ്പെട്ടു എന്നത് മറ്റൊരാളെ വധിക്കാനുള്ള ന്യായമല്ല. മറിച്ച്, ബലംപ്രയോഗിക്കപ്പെട്ടത് കൊണ്ടാണെങ്കിലും മറ്റൊരാളെ വധിച്ചാൽ അയാൾ കുറ്റക്കാരനാണ് എന്നതിൽ പണ്ഡിതമാർക്ക് ഏകാഭിപ്രായമുണ്ട്."
ഇബ്നു ഹജർ (رحمه الله) പറയുന്നു: "ഇസ്‌ലാമിക ഭരണാധികാരിക്കെതിരെ ഒരു കക്ഷി ഇറങ്ങിപ്പുറപ്പെടുകയും, അവരുടെ മേലുള്ള നിർബന്ധബാധ്യത അംഗീകരിക്കാൻ അവർ തയ്യാറാകാതെ വരികയും, അവർ യുദ്ധം പ്രഖ്യാപിക്കുകയും ചെയ്താൽ അവർക്കെതിരെ (ഭരണാധികാരിക്കൊപ്പം) പോരാടുക എന്നത് നിർബന്ധമാണ്. ഇതു പോലെ, രണ്ട് കക്ഷികൾ പരസ്പരം പോരടിക്കുന്ന വേളയിൽ തെറ്റുകാരുടെ കൈപിടിക്കാൻ കഴിയുന്നവർ അവരെ തടയുകയും ശരിയുടെ പക്ഷത്തെ സഹായിക്കുകയും ചെയ്യണമെന്നതും നിർബന്ധമാണ്. ഇതാണ് ബഹുഭൂരിപക്ഷം പണ്ഡിതന്മാരുടെയും വീക്ഷണം. മറ്റു ചിലർ ഈ സന്ദർഭത്തെ കൂടുതൽ വിശദമായി വിവരിച്ചത് കാണാം. അവർ പറഞ്ഞു: മുസ്‌ലിം ഭരണാധികാരിയുടെ കീഴിലല്ലാതെ, മുസ്‌ലിംകൾക്കിടയിലെ രണ്ട് കക്ഷികൾക്കിടയിൽ സംഭവിക്കുന്ന എല്ലാ പോരാട്ടങ്ങളും നിഷിദ്ധമാണ്. മേൽ പറയപ്പെട്ട ഹദീഥും ഈ വിഷയത്തിൽ വന്നിട്ടുള്ള മറ്റു ഹദീഥുകളും ഈ അർത്ഥത്തിലാണ് മനസ്സിലാക്കേണ്ടത്."
നവവി (رحمه الله) പറയുന്നു: "ഫിത്‌നയുടെ (കുഴപ്പങ്ങളുടെ) വേളയിലുള്ള യുദ്ധത്തിൻ്റെ കാര്യത്തിൽ പണ്ഡിതന്മാർക്ക് വ്യത്യസ്ത വീക്ഷണങ്ങളുണ്ട്. ചിലർ പറഞ്ഞു: മുസ്‌ലിംകൾക്കിടയിൽ ഫിത്ന പൊട്ടിപ്പുറപ്പെടുന്ന വേളയിൽ പോരാട്ടം തീർത്തും പാടില്ല. കുഴപ്പക്കാർ അവൻ്റെ വീട്ടിൽ പ്രവേശിക്കുകയും അവനെ വധിക്കാൻ തുനിയുകയും ചെയ്താൽ അവന് സ്വന്തത്തെ പ്രതിരോധിച്ചു കൊണ്ട് പോരാടുക എന്നതും അനുവദനീയമല്ല. കാരണം യുദ്ധം ചെയ്യുന്നവൻ തൻ്റെ ഭാഗം ശരിയാണെന്ന വ്യാഖ്യാനത്തിൻ്റെ മേലാണുള്ളത്. സ്വഹാബിയായ അബൂബക്റ (رضي الله عنه) വിൻ്റെയും മറ്റു ചിലരുടെയും വീക്ഷണം ഇതാണ്. ഇബ്നു ഉമർ, ഇംറാൻ ബ്നു ഹുസ്വൈൻ തുടങ്ങിയ സ്വഹാബികളും മറ്റു ചിലരും പറഞ്ഞു: മുസ്‌ലിംകൾക്കിടയിൽ സംഭവിക്കുന്ന കുഴപ്പങ്ങളിൽ അവൻ പങ്കുചേരാൻ പാടില്ല. എന്നാൽ ഒരാളെ കുഴപ്പക്കാർ ലക്ഷ്യം വെച്ചാൽ അവന് സ്വന്തത്തെ പ്രതിരോധിക്കാം. മുസ്‌ലിംകൾക്കിടയിൽ സംഭവിക്കുന്ന കുഴപ്പങ്ങളിൽ ഏതിലാണെങ്കിലും അവയിൽ പ്രവേശിക്കുന്നത് അനുവദനീയമല്ല എന്നതിൽ ഈ രണ്ട് വീക്ഷണക്കാരും ഒരേ നിലപാടിലാണ് എന്നത് പ്രത്യേകം ശ്രദ്ധിക്കുക. സ്വഹാബികളിൽ ബഹുഭൂരിപക്ഷം പേരും താബിഈങ്ങളും പൊതുവെയുള്ള പണ്ഡിതാഭിപ്രായവും ഇനി പറയും വിധമാണ്: ഫിത്‌നയുടെ വേളയിലാണെങ്കിലും സത്യത്തിൻ്റെ വക്താവിനെ സഹായിക്കുക എന്നതും അവരോടൊപ്പം നിന്ന് അതിക്രമികൾക്കെതിരെ പോരാടുക എന്നതും നിർബന്ധമാണ്. അല്ലാഹു പറഞ്ഞതു പോലെ: "അതിക്രമം പ്രവർത്തിച്ചവർ അല്ലാഹുവിൻ്റെ വിധിയിലേക്ക് മടങ്ങുന്നത് വരെ അവരോട് യുദ്ധം ചെയ്യുക." ഇതാണ് ശരിയായ വീക്ഷണം. രണ്ട് കക്ഷികൾ തമ്മിൽ പോരടിക്കുമ്പോൾ ശരി ആരുടെ ഭാഗത്താണ് എന്ന് വ്യക്തമാവാത്തവർ യുദ്ധത്തിൽ നിന്ന് വിട്ടുനിൽക്കണം എന്ന അർത്ഥത്തിലും, പോരടിക്കുന്ന രണ്ട് കക്ഷികളും ഒരു പോലെ അതിക്രമികളാകുന്ന സന്ദർഭത്തിൽ അവരിൽ ആരോടൊപ്പവും ചേരരുത് എന്ന അർത്ഥത്തിലും ഈ ഹദീഥുകളെ മനസ്സിലാക്കാവുന്നതാണ്.
Attribution
Categories
Share hadeeth
Sharing options · 0 Total shares

